2012, ഓഗസ്റ്റ് 11, ശനിയാഴ്‌ച

ഇരുന്നൂറുവട്ടം

സമർത്ഥനായ രാജാവിന്റെ മിടുക്കനായ പ്രജയാണ് ശരവണൻ എന്ന ചെരുപ്പുകുത്തി.
അങ്ങാടിയുടെ ഒരറ്റത്തുള്ള തന്റെ കൊച്ചുപീടികത്തിണ്ണയിലിരുന്ന് പകൽ മുഴുവൻ അവൻ പണിയെടുക്കും. തോലരിയുമ്പോഴും, ചായം തേയ്ക്കുമ്പോഴും, തുന്നിക്കൂട്ടുമ്പോഴുമൊക്കെ അവന് ചുണ്ടിലൊരു പാട്ടുണ്ടാവും. ഒരു പ്രശ്നവും ബാധിക്കാത്തതുപോലെ അയാളുടെ മുഖം സദാ പ്രസന്നമാണ്.

പതിവുപോലെ സായാഹ്നസവാരിക്കിറങ്ങിയ രാജാവ് ചെരുപ്പുകുത്തിയുടെ പാട്ടു കേട്ടു. കുറേനേരം അല്പമകലെനിന്ന് അവന്റെ പണി ശ്രദ്ധിച്ചു. അവനിത്ര സന്തോഷവാനായിരിക്കുന്നതിന്റെ രഹസ്യം അറിയണമെന്ന് രാജാവിനു തോന്നി. അദ്ദേഹം അവന്റെ അടുത്തെത്തിയിട്ടും അവൻ തല ഉയർത്തിയില്ല. ഇരുന്നയിരുപ്പിൽ രാജാവിന്റെ കാൽക്കൽ വീണു നമസ്കരിച്ചു കൊണ്ടു പറഞ്ഞു,
“മഹാരാജാവു നീണാൾ വാഴട്ടെ!.”

രാജാവിന് അദ്ഭുതമാണുണ്ടായത്. ഇവനെങ്ങനെ തന്നെ തിരിച്ചറിഞ്ഞു?
അദ്ദേഹം ചോദിച്ചു, “നീയെങ്ങിനെ മുഖം കാണാതെ തന്നെ നമ്മെ തിരിച്ചറിഞ്ഞു?”
തലയുയർത്താതെ തന്നെ ശരവണൻ മറുപടി പറഞ്ഞു, “അവിടുത്തെ തൃപ്പാദത്തിലണിഞ്ഞിരിക്കുന്നത് അടിയൻ തീർത്ത പാദുകമാണ്. അതുപോലെയൊന്ന് മറ്റാർക്കും ഉണ്ടാക്കി കൊടുത്തിട്ടില്ല. നാടുവാഴുന്ന തമ്പുരാൻ ഉപയോഗിച്ചത് പഴകിയാലും മറ്റൊരാൾ കാലിലിടുകയുമില്ല.”
രാജാവിന് ചെരുപ്പുകുത്തിയുടെ യുക്തി വളരെ ഇഷ്ടമായി. അവനോട് കൂടുതൽ സംസാരിക്കാൻ വേണ്ടി അദ്ദേഹം ചോദിച്ചു, “ആട്ടെ, നീയെപ്പോഴും സന്തോഷവാനാണല്ലോ! നല്ല വരുമാനമുണ്ടാവും അല്ലേ?”
“അടിയൻ! ദിവസവും നാലുണാണയം കിട്ടുന്നതു വരെ ജോലിചെയ്യും.”
“അത്രേയുള്ളു? അതു കൊണ്ട് എങ്ങനെ തികയും?”
“ചെയ്യേണ്ട നാലു കാര്യങ്ങളും ചെയ്യാൻ അതു മതി, തിരുമേനീ.”
“അതെന്തൊക്കെയാ?”
“ഒരു നാണയം സ്വന്തം ചിലവിന്. ഒന്നു കടം വീട്ടാൻ. ഒന്ന് കടം കൊടുക്കാൻ, ഒന്ന് കിണറ്റിലെറിയാനും.”
അയാൾ പറഞ്ഞത് രാജാവിന് പൂർണ്ണമായി മനസ്സിലായില്ല. സ്വന്തം ചിലവും കടം കൊടുക്കലും കടം വീട്ടലും മനസ്സിലായി. മക്കൾക്കു കൊടുക്കുന്നത് തിരിച്ചുകിട്ടുമെന്നോർത്താണ്. മാതാപിതാക്കൾക്ക് അവരിൽ നിന്നു കിട്ടിയത് തിരിച്ചു കൊടുക്കുന്നു. പക്ഷേ കിണറ്റിലെറിയുന്നതെന്താണോ ആവോ.
രാജാവ് അവനോടു തന്നെ ചോദിച്ചു.
“ദാനം ചെയ്യുന്നത് കിണറ്റിലെറിയുന്നതുപോലെ, തിരിയെക്കിട്ടുമെന്ന പ്രതീക്ഷകൂടാതെയല്ലേ തിരുമേനീ?” ശരവണൻ വിശദീകരിച്ചു.
അവന്റെ യുക്തിപൂർവ്വമായ ഉത്തരം കേട്ടു സന്തോഷിച്ച രാജാവ് അവന് നൂറു നാണയം സമ്മനമായി കൊടുത്തു. എന്നിട്ടു പറഞ്ഞു, “നീ പറഞ്ഞകാര്യം ഞാൻ നാളെ ദർബാറിലുള്ളവരോട് ഒരു കടംകഥയായിട്ട് ചോദിക്കും. അതുകൊണ്ട് ആർക്കും നീയിതു പറഞ്ഞുകൊടുക്കരുത്.”
ശരവണൻ പറഞ്ഞു, “അടിയൻ, അവിടത്തെ മുഖം ഇരുന്നൂറു തവണ കണ്ടിട്ടല്ലാതെ അടിയൻ ഈ രഹസ്യം ആർക്കും പറഞ്ഞുകൊടുക്കില്ല.”
രാജാവു സമ്മതിച്ചു, ദിവസവും പോകുമ്പോഴും വരുമ്പോഴും കണ്ടാൽക്കൂടി തന്നെ ഇരുന്നൂറുതവണ കാണാൻ നൂറു ദിവസം കഴിയണമല്ലോ എന്നാണ് രാജാവ് കരുതിയത്. പിറ്റേന്നു രാവിലെതന്നെ രാജാവ് കടംകഥ സഭാവാസികൾക്കുമുമ്പിൽ അവതരിപ്പിച്ചു. അന്നത്തെ ദിവസം തന്നെ ഉത്തരം ആവശ്യപ്പെട്ടു. തലപുകഞ്ഞാലോചിട്ടും ആർക്കും മുഴുവൻ ഉത്തരം കിട്ടിയില്ല.
കൗശലക്കാരനായ മന്ത്രി തലേന്ന് രാജാവു ചെയതതെല്ലാം അന്വേഷിച്ചറിഞ്ഞു. അക്കൂട്ടത്തിൽ ചെരുപ്പുകുത്തിയുമായി രാജാവ് വളരെനേരം സംസാരിച്ചതുമറിഞ്ഞു.
മന്ത്രി ശരവണനെ സമീപിച്ച് വിവരമന്വേഷിച്ചു.
മന്ത്രിയുടെ നിർബ്ബന്ധമധികമായപ്പോൾ അവൻ പറഞ്ഞു, “തിരുമേനിയോട് അടിയൻ ഉണർത്തിച്ചിട്ടുള്ളതനുസരിച്ച് അടിയന് നൂറുനാണയം കിട്ടിയാലേ ആ രഹസ്യം പറയാൻ പറ്റൂ. അടിയന്റെ ദിവസവരുമാനം നാലുനാണയമാണ്. അക്കണക്കിന് ഇരുപത്തഞ്ച് ദിവസം കഴിയണം.”
മന്ത്രി ഉടൻ തന്നെ അവന് നൂറു നാണയം കൊടുത്തു കടംകഥയുടെ ഉത്തരം സമ്പാദിച്ചു. മന്ത്രി ഉത്തരം കൃത്യമായി പറഞ്ഞപ്പോൾ രാജാവിന് മനസ്സിലായി, ചെരുപ്പുകുത്തി മന്ത്രിക്ക് ഉത്തരം പറഞ്ഞുകൊടുത്തെന്ന്. മന്ത്രി അതു സമ്മതിക്കുകയും ചെയ്തു. പറഞ്ഞവാക്കു പാലിക്കാത്തതിന് തക്ക ശിക്ഷ കൊടുക്കാനുദ്ദേശിച്ച് രാജാവ് ശരവണനെ വിളിച്ചു വരുത്തി.
ശരവണൻ കുറ്റം നിഷേധിച്ചുകൊണ്ടു പറഞ്ഞു, “അടിയൻ അവിടത്തെ തിരുമുഖം ഇരുനൂറുതവണ കണ്ടിട്ടു തന്നെയാണ് മന്ത്രിയങ്ങുന്നിന് അക്കാര്യം പറഞ്ഞു കൊടുത്തത്.”
“പച്ചക്കള്ളം, ഇന്നലെ നീ വാക്കു പറഞ്ഞതിനു ശേഷം ഇപ്പോഴാണ് എന്നെ കണ്ടത്. പണക്കൊതികൊണ്ട് നീ നുണ പറയുകയാണ്.”
അവിടന്നു അരുളിച്ചെയ്യുന്നതുപോലെ, അടിയൻ അവിടുത്തേ നേരിൽക്കണ്ടത് ഇപ്പോഴാണ്. പക്ഷേ അവിടന്നുതന്ന നൂറും മന്ത്രിയങ്ങുന്നു തന്നു നൂറും നാണയങ്ങളിലെല്ലാം തമ്പുരാന്റെ മുഖം കൊത്തിയിട്ടുള്ളത് ഒന്നൊന്നായി കണ്ടിട്ടാണ് അടിയൻ ആ രഹസ്യം പറഞ്ഞത്.”
രാജാവു പൊട്ടിച്ചിരിച്ചു, “മിടുക്കൻ! മിടുമിടുക്കൻ, നമുക്കു സന്തോഷമായി. നിനക്ക് കൊട്ടാരത്തിൽ ജോലി തരണമെന്നു നാം വിചാരിക്കുന്നു.”
“അടിയന്റെ ഭാഗ്യം! പക്ഷേ അടിയനറിയാവുന്ന പണി തുകൽപ്പണി മാത്രമാണേ!”

ജാത്യാലുള്ളതു ...

വെള്ളക്കാർ ഭരിച്ചിരുന്ന കാലം.
ഉയർന്ന അധികാരിയായിരുന്ന മണ്ട്രോ സായിപ്പ് തന്റെ പിറന്നാഘോഷങ്ങളിൽ പങ്കെടുക്കാൻ നാട്ടുകാരിൽ പലരേയും ക്ഷണിച്ചിരുന്നു. ക്ഷണിക്കപ്പെട്ടവരുടെ കൂട്ടത്തിൽ വർക്കിമാഷും ഉണ്ടായിരുന്നു. സായിപ്പിന് നാട്ടുഭാഷയും സമ്പ്രദായങ്ങളും പറഞ്ഞുകൊടുക്കുന്ന ട്യൂഷൻ മാസ്റ്ററായിരുന്നു വർക്കി മാഷ്. പണ്ഡിതനും സരസനുമായിരുന്നെങ്കിലും ആർഭാടം തൊട്ടുതീണ്ടാത്തയാളായിരുന്നു അദ്ദേഹം.
വിരുന്നിൽ പങ്കെടുത്ത മറ്റു തദ്ദേശീയരെല്ലാം “തനി സായിപ്പ”ന്മാരായി വേഷമിട്ടായിരുന്നു പുറപ്പാട്; ഷൂസ്, ട്രൗസർ, കോട്ട്, തൊപ്പി, ആവശ്യമില്ലെങ്കിലും വാക്കിങ് സ്റ്റിക്...
തൂവെള്ള ഒറ്റമുണ്ടും മുറിക്കയ്യൻ ഷർട്ടും രണ്ടാം മുണ്ടുമണിഞ്ഞ് വന്ന വർക്കിസാറിനെക്കണ്ട് അവരെല്ലാം നെറ്റി ചുളിച്ചു. “എന്തു പഠിപ്പുണ്ടായിട്ടെന്താ? ജാത്യാലുള്ള പിച്ചത്തരം തൂത്താൽ പോവില്ലല്ലോ!” എന്നും മറ്റും മാഷിനു കേൾക്കാൻ പാകത്തിൽ അവർ പറയുന്നുണ്ടായിരുന്നു.
അദ്ദേഹം അതൊന്നും കേട്ട ഭാവം പോലും നടിച്ചില്ല.
അഭിനന്ദനപ്രഭാഷണം നടത്തിയ ഒരു “നാടൻ സായിപ്പ്” മാഷിനെ കണക്കിലേറെ കളിയാക്കി. നേരിട്ടു പറഞ്ഞില്ലെങ്കിലും ആർക്കും മനസ്സിലാവുന്ന മട്ടിലായിരുന്നു വിമർശനം. ആതിഥേയന്റെ നിലയും വിലയും നിലയും അനുസരിച്ച് വസ്ത്രധാരണം ചെയ്യാത്ത ഔചിത്യക്കുറവിനെപ്പറ്റി അയാൾ പലതും പറഞ്ഞു.
തന്റെ നാട്ടുകാരിൽ ചിലരുടെ ഈത്തരം അവിവേകത്തിന് താൻ സായിപ്പിനോടു മാപ്പു ചോദിക്കുന്നു എന്നു പറഞ്ഞാണ് അയാൾ അവസാനിപ്പിച്ചത്.
അയാളുടെ പ്രഭാഷണം പൊട്ട ഇംഗ്ലീഷിലായിരുന്നു. മുക്കിയും മൂളിയുമാണ് അയാൾ പറഞ്ഞതെങ്കിലും സദസ്യർ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. മാന്യന്മാരെ കളിയാക്കുന്നതു കേട്ടാൽ രസം കയറുന്ന പിൻതിരിപ്പന്മാർ എവിടെയുമുണ്ടല്ലോ! അവിടെ നടന്നതിന്റെ പൊരുളൊന്നും മനസ്സിലാകാത്ത ഭാവത്തിലിരുന്നു മാഷ്.
കുറെക്കഴിഞ്ഞ് അഭിനന്ദനപ്രഭാഷണത്തിനായി മാഷിന്റെ ഊഴമായി. മാഷ് സംസാരിക്കാൻ എഴുന്നേറ്റപ്പോഴും സദസ്സിൽ പലർക്കും ചിരിപൊട്ടുന്നുണ്ടായിരുന്നു. അതൊന്നും കാണാത്ത ഭാവത്തിൽ മാഷ് ആരംഭിച്ചു. ലളിതഗംഭീരമായ ഇംഗ്ലീഷ്. സായിപ്പിനെ മലയാളം പഠിപ്പിച്ചതിനൊപ്പം മാഷ് തന്റെ ഇംഗ്ലിഷ്‌പാടവം വർദ്ധിപ്പിച്ചിരുന്നത് നാട്ടുകാർക്കറിയാമായിരുന്നില്ല. മാഷ് ആദ്യമായി സായിപ്പിന് ജന്മദിനാശംസകളോടൊപ്പം ആയുരാരോഗ്യസൗഖ്യങ്ങൾ നേർന്നു. സമൂഹത്തിലെ ഉന്നതന്മാരോടൊപ്പം തന്നെയും ക്ഷണിച്ചതിനു നന്ദി പറഞ്ഞു.
മാഷ് തുടർന്നു, “എന്റെ ലളിതമായ നാടൻ വേഷം അഭിവന്ദ്യനായ ആതിഥേയന്റെ സൗന്ദര്യബോധത്തിനും പ്രൗഢിക്കും ഇണങ്ങാത്തതാണെന്നറിയാം. അതു മൂലം അദ്ദേഹത്തിന് ചിലരുടെ വിമർശനവും നേരിടേണ്ടി വന്നതിന് ക്ഷമാപണം. പക്ഷേ ഒന്നു പറഞ്ഞുകൊള്ളട്ടെ. എന്റെ അനാസ്ഥ മനഃപൂർവ്വമല്ല. അവസരത്തിനൊത്തുള്ള വേഷമിടാൻ ഞാനും ആഗ്രഹിച്ചതാണ്. ഈ ഒരവസരത്തിനു വേണ്ടി മാത്രം വലിയതുക മുടക്കി പാശ്ചാത്യവസ്ത്രം വാങ്ങാൻ ഇവിടെയുള്ള മിക്ക നാട്ടുകാരേയും പോലെ എനിക്കും വഴിയില്ല. അവരെല്ലാം ചെയ്തതു പോലെ വാടകയ്ക്കു വസ്ത്രങ്ങൾ വാങ്ങാൻ ഞാനും പോയിരുന്നു. പക്ഷേ അല്പം വൈകിപ്പോയി. ഞാൻ ചെന്നപ്പോഴേയ്ക്കും അലക്കുകാരന്റെ പക്കലുള്ള കോട്ടും സൂട്ടുമൊക്കെ ഓരോരുത്തർ കൊണ്ടുപോയിക്കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് ഞാൻ സ്വന്തം വസ്ത്രം ധരിച്ച് വന്നത്. സായിപ്പും എന്റെ പ്രിയപ്പെട്ട നാട്ടുകാരും പൊറുക്കണം.“
നാടൻ സായിപ്പന്മാരുടെ അവസ്ഥയെന്തായെന്ന് പറയേണ്ടതില്ലല്ലോ!