2009, മാർച്ച് 27, വെള്ളിയാഴ്‌ച

രണ്ടു കുട്ടിപ്പാട്ടുകള്‍

സ്വന്തം കാര്യം! 
പെപ്പരപെരപെരപേരപ്പാ ഞങ്ങടെ തെങ്ങേക്കേറല്ലേ
അങ്ങേത്തൊടിയില്‍ക്കേറിക്കോ
തെങ്ങിന്‍ മടലു പെറുക്കിക്കോ!
കുക്കുടുകുടുകുടുകുട്ടപ്പാ
ഞങ്ങടെ മാവു കുലുക്കല്ലേ
നിങ്ങടെ മവേല്‍ക്കേറിക്കോ
മാങ്ങ പഴുത്തതു വീഴ്ത്തിക്കോ!
കൊക്കരകൊരകൊരകോരപ്പാ
നിങ്ങടെ കണ്ടം പൂട്ടണ്ട
ഇങ്ങേക്കണ്ടം പൂട്ടിക്കോ
ഞങ്ങളു നെല്ലു വിതച്ചോളാം


അനങ്ങാക്കള്ളന്‍
തൂമ്പയെടുക്കെട കുട്ടപ്പാ
നാളെയെടുക്കാമെന്റപ്പാ
പറമ്പു കിളയ്ക്കെട കുട്ടപ്പാ
പാമ്പു കടിക്കും വയ്യപ്പാ
കപ്പ നടാമെട കുട്ടപ്പാ
ഇപ്പഴെ വേണ്ട വരട്ടപ്പാ
വളമിടുവാന്‍ വാ കുട്ടപ്പാ
വളമതു നാറും വേണ്ടപ്പാ
പുല്ലു പറിക്കെട കുട്ടപ്പാ
മുള്ളുതറയ്ക്കും വേണ്ടപ്പാ
കപ്പ പറിക്കെട കുട്ടപ്പാ
അപ്പനു വയ്യേല്‍ വേണ്ടപ്പാ
കപ്പ നുറുക്കാം കുട്ടപ്പാ
അപ്പിടി മുറിയും കയ്യപ്പാ
കപ്പ പുഴുങ്ങെട കുട്ടപ്പാ
അപ്പണിയറിയില്ലെന്റപ്പാ
***
കപ്പ പുഴുങ്ങിയതെങ്ങപ്പാ?
അപ്പിടി തിന്നെട കുട്ടപ്പ

2009, മാർച്ച് 26, വ്യാഴാഴ്‌ച

പഞ്ചവാദ്യം


ഠൂം ഠൂം ഠൂം ഠുമിടയ്ക്കയിടഞ്ഞു
അക്കിടകിടകിട തിമിലപറഞ്ഞു
ഇമ്പമ്പളപള മദ്ദളമോതി
പെപ്പരപെരപേ കൊമ്പു വിളിച്ചു
ഇഞ്ചിഞ്ചിഞ്ചമിലത്താളത്തില്‍
അഞ്ചും ചേര്‍ന്നുടനെന്തൊരു മേളം!

കാക്കക്കൂട്‌


"കാക്കക്കുഞ്ഞേ വീടെവിടെ?"
"വീടല്ലുള്ളതു കൂടല്ലേ?"
"നിന്നുടെ കൂട്ടില്‍ മുറിയെത്ര?"
"ഉള്ളതു ചെറിയൊരു കുഴി മാത്രം"
"കട്ടിലു തേക്കിന്‍ തടികൊണ്ടോ"
"കിട്ടിയ ചുള്ളികള്‍ കൊണ്ടാണേ"
"ഇല്ലേ മെത്തയതിന്നുള്ളില്‍?"
"പുല്ലും നാരും വൈക്കോലും."

തവള വൈദ്യനും ചുണ്ടെലി സര്‍ജ്ജനും

ചുണ്ടെലിയും പാച്ചന്‍ തവളയും കൂടി മൃഗങ്ങളെ ചികിത്സിക്കാന്‍ പോയ കഥ കേള്‍ക്കണ്ടേ? പറഞ്ഞുതരാം.
പാച്ചോറ്റിക്കുളത്തിന്റെ കരയിലെ കവലയിലാണ്‌ ചിണ്ടന്‍ എന്ന ചുണ്ടെലിയും പാച്ചന്‍ എന്ന പച്ചത്തവളയും കൂടി ആശുപത്രി തുടങ്ങിയത്‌. ആദ്യം കുറച്ചു സമയത്തേയ്ക്ക്‌ അവിടെ രോഗികളാരും വന്നില്ല.
ചിണ്ടന്‍ ചോദിച്ചു: "കളിപ്പാകുമോ ചങ്ങാതീ. ആരും വരുന്നില്ലല്ലോ?"
പാച്ചന്‍ പതുക്കെപ്പറഞ്ഞു: "ഏയ്‌! പേടിക്കേണ്ടെടോ? നമ്മളു ചെയ്ത പരസ്യമൊന്നും വെറുതെയാവില്ല."
ചിണ്ടന്‍ പിന്നെയൊന്നും മിണ്ടിയില്ല.
കുറെക്കഴിഞ്ഞപ്പോള്‍ അവരുടെ ആശുപത്രിയിലേയ്ക്കൊരു പൂവന്‍ കോഴി കയറി വന്നു. നമ്മുടെ പൂവാലന്‍.ചിണ്ടന്‍ ആദ്യമൊന്നു സന്തോഷിച്ചു.
അവന്‍ പറഞ്ഞു. "രക്ഷപെട്ടു പാച്ചാ. ദാ ഒരു രോഗി വരുന്നു."സൂക്ഷിച്ചു നോക്കിയിട്ട്‌ അവന്‍ നിരാശയോടെ പറഞ്ഞു: "ഇവന്‍ നല്ല തടിയനാ. സൂക്കേടൊന്നുമുള്ളയാളാണെന്നു തോന്നണില്ല"
പാച്ചന്‍ പറഞ്ഞു "തടികൊണ്ടൊന്നും തീരുമാനിക്കണ്ട. നല്ല തടിയന്മാര്‍ക്ക്‌ അതു പോലെ പെരുത്ത സൂക്കേടും കാണും. വരട്ടെ!"
പൂവാലന്‍ ചോദിച്ചു "ആരാ ഡോക്ടര്‍?"ചിണ്ടന്‍ പറഞ്ഞു : "ഞാനാ"പാച്ചനും പറഞ്ഞു: "ഞാനാ"പിന്നെ രണ്ടുപേരും ഒരുമിച്ചു പറഞ്ഞു: "ഞങ്ങളാ."
ചിണ്ടന്‍ ചോദിച്ചു: "ആരാ രോഗി?"പാച്ചന്‍ ചോദിച്ചു: "എന്താ രോഗം?"
പൂവാലന്‍ പറഞ്ഞു: "ഞാനാ, എനിക്കു പറക്കാന്‍ പറ്റുന്നില്ല"
ചിണ്ടന്‍ മൂക്കത്തു വിരല്‍ വച്ചു. "ഇത്ര വലുതായിട്ടും, ഇത്ര വലിയ രണ്ടു ചിറകുണ്ടായിട്ടും, പറക്കാന്‍ പറ്റണില്ലേ? അടയ്ക്കായോളമില്ലാത്ത കുരുവി പോലും പറക്കും എന്നിട്ടാ?"
പാച്ചന്‍: "അകത്തു വരൂ. ഞങ്ങളൊന്നു പരിശോധിക്കട്ടെ."രണ്ടു പേരും കൂടി തിരിച്ചും മറിച്ചും, അളവെടുത്തും തൂക്കിയും, തപ്പിയും, തടവിയും കുഴല്‍ വച്ചുമൊക്കെ പരിശോധിച്ചു. ചിണ്ടന്‌ ഒന്നും പിടികിട്ടിയില്ല.
പാച്ചന്‍ പറഞ്ഞു : "ഭാരക്കൂടുതലാണ്‌ പ്രശ്നം."
ദീനഭാവത്തില്‍ പൂവാലന്‍ ചോദിച്ചു: "അതിനെന്താ ചികിത്സ?"
ചിണ്ടനാണു മറുപടി പറഞ്ഞത്‌. പട്ടിണി കിടന്നാല്‍ പെട്ടെന്നു മെലിയുമെന്ന്‌ ഏതു ചുണ്ടെലിക്കുമറിയാം. "ആഹാരം കുറയ്ക്കണം "
പാച്ചന്‍ പറഞ്ഞു: "കൂടെ നല്ലതു പോലെ വ്യായാമവും ചെയ്യണം."
പൂവാലന്‍ എഴുനേറ്റു: "എന്നാല്‍ ഞാന്‍ വരട്ടെ"?
ചിണ്ടന്‍ പറഞ്ഞു: "നൂറു രൂപ."
പൂവാലന്‍: "അതിനു നിങ്ങള്‍ മരുന്നൊന്നും തന്നില്ലല്ലോ?"
പാച്ചന്‍:" പക്ഷേ ഉപദേശം തന്നില്ലേ? അതിനുള്ള ഫീസ്‌".
പൂവാലന്‍: "പിന്നെക്കേട്ടോ? പട്ടിണി കിടക്കാന്‍ പറഞ്ഞതിനല്ലേ ഉപദേശപ്പീസ്‌. വേറെ ആളെ നോക്ക്‌."
പൂവാലന്‍ പോയപ്പോള്‍ പാച്ചന്‍ പറഞ്ഞു, "ഇനി ആരു വന്നാലും ആദ്യം ഫീസു വങ്ങാന്‍ മറക്കണ്ട."
ചിണ്ടന്‍: "ശരിയാ, അല്ലേല്‍ നമ്മളു പട്ടിണിയാവും."

പിന്നീടു വന്നത്‌ പാണ്ടനെന്ന നായയായിരുന്നു. അവന്റെ പ്രശ്നം എന്തു ചെയ്താലും നിവരാത്ത അവന്റെ വില്ലുപോലെ വളഞ്ഞ വാലായിരുന്നു. പന്തീരാണ്ടു കുഴലിലിട്ടു നടന്നിട്ടും മയിലെണ്ണ തടവി ഉഴിഞ്ഞിട്ടും വാലിന്റെ വളവു നിവരുന്നില്ല. നിയന്ത്രണമില്ലാതെ പൊങ്ങുന്ന കാലിന്റെ കാര്യവും പറയണമെന്നുണ്ടായിരുന്നെങ്കിലും വാലു ശരിയായാല്‍ മതി അതു പറയുന്നതെന്നു അവന്‍ കരുതി. വാലു വിശദമായി പരിശോധിച്ചിട്ടു ചിണ്ടന്‍ പറഞ്ഞു; "ഭേദപ്പെടുത്താന്‍ പറ്റാത്തതിനെ വേര്‍പെടുത്തണം. ഒരുവന്‍ തന്നെ കോന്നിട്ടൊരിടം രക്ഷിക്കണം എന്നുണ്ടല്ലോ! അതുകൊണ്ട്‌ വാലു മുറിക്കണം." ചിണ്ടന്‌ ഏതു രോഗത്തിനും ഓപ്പറേഷനാണു പ്രതിവിധി.
കേട്ടപാതി കേള്‍ക്കാത്ത പാതി പാണ്ടന്‍ ഇറങ്ങിയോടി.
പാച്ചന്‍ പറഞ്ഞു, "ആദ്യമേതന്നെ ഫീസു വാങ്ങിയതു കൊണ്ടു നഷ്ടം വന്നില്ല."
പക്ഷേ അവര്‍ പ്രതീക്ഷിക്കാത്ത ഒരു നഷ്ടമുണ്ടായി. പാണ്ടന്‍ നാടു നീളെ പുതിയ ഡോക്ടര്‍മാരെപ്പറ്റി ദൂഷണം പറഞ്ഞു പ്രചരിപ്പിച്ചു.

അങ്ങനെ കുറേ ദിവസം കഴിഞ്ഞു. പുതിയ ആശുപത്രിയെപ്പറ്റി പാച്ചോറ്റിക്കര മരോട്ടിപ്പൊത്തില്‍, ശേഷനാഗന്‍ എന്ന മൂര്‍ന്‍പാമ്പും കേട്ടു. അയാള്‍ക്കുമുണ്ടായിരുന്നു ചില പ്രശ്നങ്ങള്‍. അയാള്‍ തന്റെ ഭാര്യയോടു പറഞ്ഞു: "എടീ നാഗരത്നമ്മേ, ഞാനൊന്നാ പുതിയ ആശുപത്രീല്‍ പോയിട്ടു വരാം. ഇടയ്ക്കിടെ തൊലി പൊളിഞ്ഞു പോണ സൂക്കേടിന്റെ കാര്യം പറയാന്‍."
നാഗമ്മ പറഞ്ഞു: "തലപൊക്കിയാല്‍ ആടിപ്പോകുന്ന കാര്യം കൂടി പറയാന്‍ മറക്കണ്ട." ശേഷനാഗന്‍ സമ്മതിച്ചു.
രോഗികളുടെ വരവും കാത്ത്‌ വാതില്‍ക്കല്‍ത്തന്നെ നിന്നിരുന്ന ചിണ്ടനാണ്‌ മൂര്‍നെ ആദ്യം കണ്ടത്‌. പാമ്പിന്റെ വരവ്‌ നേരേ ആശുപത്രിയിലേയ്ക്കാണെന്നു കണ്ടപ്പോള്‍ അവന്‍ നിന്നു വിറയ്ക്കാന്‍ തുടങ്ങി.
അവന്റെ വിറ കണ്ടിട്ട്‌ പാച്ചന്‍ ചോദിച്ചു: "എന്തു പറ്റി. താനെന്തിനാ തുള്ളപ്പനി പിടിച്ചതുപോലെ നിന്നു വിറയ്ക്കുന്നത്‌?"
ചിണ്ടന്‍ പറഞ്ഞു: "ദാ നോക്ക്‌"
പാച്ചന്‍ നോക്കി, കണ്ടു. കരഞ്ഞു "അമ്മോ!"
പക്ഷേ അവന്റെ തൊണ്ട വരണ്ടതു കൊണ്ട്‌ ഒച്ച പുറത്തു വന്നില്ല.
മൂര്‍ന്‍ അകത്തെത്തിയപ്പോള്‍ ആശുപത്രിയില്‍ ആരുമുണ്ടായിരുന്നില്ല. ചിണ്ടന്‍ ആദ്യം പൊത്തിലെത്തിയോ അതോ പാച്നാദ്യം കുളത്തിലെത്തിയോ ആവോ!
ആര്‍ക്കുമറിയില്ല.

2009, മാർച്ച് 25, ബുധനാഴ്‌ച

പട്ടി കടിക്കും... സൂക്ഷിക്കുക!

കിടക്കുന്ന പട്ടിക്കടുത്തൂടെയോടി-
ക്കടക്കൊല്ല ചാടി പിടിക്കും കടിക്കും

കടിക്കുന്ന നായെ കുടക്കാലുകൊണ്ട-
ങ്ങടിക്കൊല്ല ചുമ്മാ കുടക്കാലൊടിക്കും