2012, ഓഗസ്റ്റ് 11, ശനിയാഴ്‌ച

ഇരുന്നൂറുവട്ടം

സമർത്ഥനായ രാജാവിന്റെ മിടുക്കനായ പ്രജയാണ് ശരവണൻ എന്ന ചെരുപ്പുകുത്തി.
അങ്ങാടിയുടെ ഒരറ്റത്തുള്ള തന്റെ കൊച്ചുപീടികത്തിണ്ണയിലിരുന്ന് പകൽ മുഴുവൻ അവൻ പണിയെടുക്കും. തോലരിയുമ്പോഴും, ചായം തേയ്ക്കുമ്പോഴും, തുന്നിക്കൂട്ടുമ്പോഴുമൊക്കെ അവന് ചുണ്ടിലൊരു പാട്ടുണ്ടാവും. ഒരു പ്രശ്നവും ബാധിക്കാത്തതുപോലെ അയാളുടെ മുഖം സദാ പ്രസന്നമാണ്.

പതിവുപോലെ സായാഹ്നസവാരിക്കിറങ്ങിയ രാജാവ് ചെരുപ്പുകുത്തിയുടെ പാട്ടു കേട്ടു. കുറേനേരം അല്പമകലെനിന്ന് അവന്റെ പണി ശ്രദ്ധിച്ചു. അവനിത്ര സന്തോഷവാനായിരിക്കുന്നതിന്റെ രഹസ്യം അറിയണമെന്ന് രാജാവിനു തോന്നി. അദ്ദേഹം അവന്റെ അടുത്തെത്തിയിട്ടും അവൻ തല ഉയർത്തിയില്ല. ഇരുന്നയിരുപ്പിൽ രാജാവിന്റെ കാൽക്കൽ വീണു നമസ്കരിച്ചു കൊണ്ടു പറഞ്ഞു,
“മഹാരാജാവു നീണാൾ വാഴട്ടെ!.”

രാജാവിന് അദ്ഭുതമാണുണ്ടായത്. ഇവനെങ്ങനെ തന്നെ തിരിച്ചറിഞ്ഞു?
അദ്ദേഹം ചോദിച്ചു, “നീയെങ്ങിനെ മുഖം കാണാതെ തന്നെ നമ്മെ തിരിച്ചറിഞ്ഞു?”
തലയുയർത്താതെ തന്നെ ശരവണൻ മറുപടി പറഞ്ഞു, “അവിടുത്തെ തൃപ്പാദത്തിലണിഞ്ഞിരിക്കുന്നത് അടിയൻ തീർത്ത പാദുകമാണ്. അതുപോലെയൊന്ന് മറ്റാർക്കും ഉണ്ടാക്കി കൊടുത്തിട്ടില്ല. നാടുവാഴുന്ന തമ്പുരാൻ ഉപയോഗിച്ചത് പഴകിയാലും മറ്റൊരാൾ കാലിലിടുകയുമില്ല.”
രാജാവിന് ചെരുപ്പുകുത്തിയുടെ യുക്തി വളരെ ഇഷ്ടമായി. അവനോട് കൂടുതൽ സംസാരിക്കാൻ വേണ്ടി അദ്ദേഹം ചോദിച്ചു, “ആട്ടെ, നീയെപ്പോഴും സന്തോഷവാനാണല്ലോ! നല്ല വരുമാനമുണ്ടാവും അല്ലേ?”
“അടിയൻ! ദിവസവും നാലുണാണയം കിട്ടുന്നതു വരെ ജോലിചെയ്യും.”
“അത്രേയുള്ളു? അതു കൊണ്ട് എങ്ങനെ തികയും?”
“ചെയ്യേണ്ട നാലു കാര്യങ്ങളും ചെയ്യാൻ അതു മതി, തിരുമേനീ.”
“അതെന്തൊക്കെയാ?”
“ഒരു നാണയം സ്വന്തം ചിലവിന്. ഒന്നു കടം വീട്ടാൻ. ഒന്ന് കടം കൊടുക്കാൻ, ഒന്ന് കിണറ്റിലെറിയാനും.”
അയാൾ പറഞ്ഞത് രാജാവിന് പൂർണ്ണമായി മനസ്സിലായില്ല. സ്വന്തം ചിലവും കടം കൊടുക്കലും കടം വീട്ടലും മനസ്സിലായി. മക്കൾക്കു കൊടുക്കുന്നത് തിരിച്ചുകിട്ടുമെന്നോർത്താണ്. മാതാപിതാക്കൾക്ക് അവരിൽ നിന്നു കിട്ടിയത് തിരിച്ചു കൊടുക്കുന്നു. പക്ഷേ കിണറ്റിലെറിയുന്നതെന്താണോ ആവോ.
രാജാവ് അവനോടു തന്നെ ചോദിച്ചു.
“ദാനം ചെയ്യുന്നത് കിണറ്റിലെറിയുന്നതുപോലെ, തിരിയെക്കിട്ടുമെന്ന പ്രതീക്ഷകൂടാതെയല്ലേ തിരുമേനീ?” ശരവണൻ വിശദീകരിച്ചു.
അവന്റെ യുക്തിപൂർവ്വമായ ഉത്തരം കേട്ടു സന്തോഷിച്ച രാജാവ് അവന് നൂറു നാണയം സമ്മനമായി കൊടുത്തു. എന്നിട്ടു പറഞ്ഞു, “നീ പറഞ്ഞകാര്യം ഞാൻ നാളെ ദർബാറിലുള്ളവരോട് ഒരു കടംകഥയായിട്ട് ചോദിക്കും. അതുകൊണ്ട് ആർക്കും നീയിതു പറഞ്ഞുകൊടുക്കരുത്.”
ശരവണൻ പറഞ്ഞു, “അടിയൻ, അവിടത്തെ മുഖം ഇരുന്നൂറു തവണ കണ്ടിട്ടല്ലാതെ അടിയൻ ഈ രഹസ്യം ആർക്കും പറഞ്ഞുകൊടുക്കില്ല.”
രാജാവു സമ്മതിച്ചു, ദിവസവും പോകുമ്പോഴും വരുമ്പോഴും കണ്ടാൽക്കൂടി തന്നെ ഇരുന്നൂറുതവണ കാണാൻ നൂറു ദിവസം കഴിയണമല്ലോ എന്നാണ് രാജാവ് കരുതിയത്. പിറ്റേന്നു രാവിലെതന്നെ രാജാവ് കടംകഥ സഭാവാസികൾക്കുമുമ്പിൽ അവതരിപ്പിച്ചു. അന്നത്തെ ദിവസം തന്നെ ഉത്തരം ആവശ്യപ്പെട്ടു. തലപുകഞ്ഞാലോചിട്ടും ആർക്കും മുഴുവൻ ഉത്തരം കിട്ടിയില്ല.
കൗശലക്കാരനായ മന്ത്രി തലേന്ന് രാജാവു ചെയതതെല്ലാം അന്വേഷിച്ചറിഞ്ഞു. അക്കൂട്ടത്തിൽ ചെരുപ്പുകുത്തിയുമായി രാജാവ് വളരെനേരം സംസാരിച്ചതുമറിഞ്ഞു.
മന്ത്രി ശരവണനെ സമീപിച്ച് വിവരമന്വേഷിച്ചു.
മന്ത്രിയുടെ നിർബ്ബന്ധമധികമായപ്പോൾ അവൻ പറഞ്ഞു, “തിരുമേനിയോട് അടിയൻ ഉണർത്തിച്ചിട്ടുള്ളതനുസരിച്ച് അടിയന് നൂറുനാണയം കിട്ടിയാലേ ആ രഹസ്യം പറയാൻ പറ്റൂ. അടിയന്റെ ദിവസവരുമാനം നാലുനാണയമാണ്. അക്കണക്കിന് ഇരുപത്തഞ്ച് ദിവസം കഴിയണം.”
മന്ത്രി ഉടൻ തന്നെ അവന് നൂറു നാണയം കൊടുത്തു കടംകഥയുടെ ഉത്തരം സമ്പാദിച്ചു. മന്ത്രി ഉത്തരം കൃത്യമായി പറഞ്ഞപ്പോൾ രാജാവിന് മനസ്സിലായി, ചെരുപ്പുകുത്തി മന്ത്രിക്ക് ഉത്തരം പറഞ്ഞുകൊടുത്തെന്ന്. മന്ത്രി അതു സമ്മതിക്കുകയും ചെയ്തു. പറഞ്ഞവാക്കു പാലിക്കാത്തതിന് തക്ക ശിക്ഷ കൊടുക്കാനുദ്ദേശിച്ച് രാജാവ് ശരവണനെ വിളിച്ചു വരുത്തി.
ശരവണൻ കുറ്റം നിഷേധിച്ചുകൊണ്ടു പറഞ്ഞു, “അടിയൻ അവിടത്തെ തിരുമുഖം ഇരുനൂറുതവണ കണ്ടിട്ടു തന്നെയാണ് മന്ത്രിയങ്ങുന്നിന് അക്കാര്യം പറഞ്ഞു കൊടുത്തത്.”
“പച്ചക്കള്ളം, ഇന്നലെ നീ വാക്കു പറഞ്ഞതിനു ശേഷം ഇപ്പോഴാണ് എന്നെ കണ്ടത്. പണക്കൊതികൊണ്ട് നീ നുണ പറയുകയാണ്.”
അവിടന്നു അരുളിച്ചെയ്യുന്നതുപോലെ, അടിയൻ അവിടുത്തേ നേരിൽക്കണ്ടത് ഇപ്പോഴാണ്. പക്ഷേ അവിടന്നുതന്ന നൂറും മന്ത്രിയങ്ങുന്നു തന്നു നൂറും നാണയങ്ങളിലെല്ലാം തമ്പുരാന്റെ മുഖം കൊത്തിയിട്ടുള്ളത് ഒന്നൊന്നായി കണ്ടിട്ടാണ് അടിയൻ ആ രഹസ്യം പറഞ്ഞത്.”
രാജാവു പൊട്ടിച്ചിരിച്ചു, “മിടുക്കൻ! മിടുമിടുക്കൻ, നമുക്കു സന്തോഷമായി. നിനക്ക് കൊട്ടാരത്തിൽ ജോലി തരണമെന്നു നാം വിചാരിക്കുന്നു.”
“അടിയന്റെ ഭാഗ്യം! പക്ഷേ അടിയനറിയാവുന്ന പണി തുകൽപ്പണി മാത്രമാണേ!”

ജാത്യാലുള്ളതു ...

വെള്ളക്കാർ ഭരിച്ചിരുന്ന കാലം.
ഉയർന്ന അധികാരിയായിരുന്ന മണ്ട്രോ സായിപ്പ് തന്റെ പിറന്നാഘോഷങ്ങളിൽ പങ്കെടുക്കാൻ നാട്ടുകാരിൽ പലരേയും ക്ഷണിച്ചിരുന്നു. ക്ഷണിക്കപ്പെട്ടവരുടെ കൂട്ടത്തിൽ വർക്കിമാഷും ഉണ്ടായിരുന്നു. സായിപ്പിന് നാട്ടുഭാഷയും സമ്പ്രദായങ്ങളും പറഞ്ഞുകൊടുക്കുന്ന ട്യൂഷൻ മാസ്റ്ററായിരുന്നു വർക്കി മാഷ്. പണ്ഡിതനും സരസനുമായിരുന്നെങ്കിലും ആർഭാടം തൊട്ടുതീണ്ടാത്തയാളായിരുന്നു അദ്ദേഹം.
വിരുന്നിൽ പങ്കെടുത്ത മറ്റു തദ്ദേശീയരെല്ലാം “തനി സായിപ്പ”ന്മാരായി വേഷമിട്ടായിരുന്നു പുറപ്പാട്; ഷൂസ്, ട്രൗസർ, കോട്ട്, തൊപ്പി, ആവശ്യമില്ലെങ്കിലും വാക്കിങ് സ്റ്റിക്...
തൂവെള്ള ഒറ്റമുണ്ടും മുറിക്കയ്യൻ ഷർട്ടും രണ്ടാം മുണ്ടുമണിഞ്ഞ് വന്ന വർക്കിസാറിനെക്കണ്ട് അവരെല്ലാം നെറ്റി ചുളിച്ചു. “എന്തു പഠിപ്പുണ്ടായിട്ടെന്താ? ജാത്യാലുള്ള പിച്ചത്തരം തൂത്താൽ പോവില്ലല്ലോ!” എന്നും മറ്റും മാഷിനു കേൾക്കാൻ പാകത്തിൽ അവർ പറയുന്നുണ്ടായിരുന്നു.
അദ്ദേഹം അതൊന്നും കേട്ട ഭാവം പോലും നടിച്ചില്ല.
അഭിനന്ദനപ്രഭാഷണം നടത്തിയ ഒരു “നാടൻ സായിപ്പ്” മാഷിനെ കണക്കിലേറെ കളിയാക്കി. നേരിട്ടു പറഞ്ഞില്ലെങ്കിലും ആർക്കും മനസ്സിലാവുന്ന മട്ടിലായിരുന്നു വിമർശനം. ആതിഥേയന്റെ നിലയും വിലയും നിലയും അനുസരിച്ച് വസ്ത്രധാരണം ചെയ്യാത്ത ഔചിത്യക്കുറവിനെപ്പറ്റി അയാൾ പലതും പറഞ്ഞു.
തന്റെ നാട്ടുകാരിൽ ചിലരുടെ ഈത്തരം അവിവേകത്തിന് താൻ സായിപ്പിനോടു മാപ്പു ചോദിക്കുന്നു എന്നു പറഞ്ഞാണ് അയാൾ അവസാനിപ്പിച്ചത്.
അയാളുടെ പ്രഭാഷണം പൊട്ട ഇംഗ്ലീഷിലായിരുന്നു. മുക്കിയും മൂളിയുമാണ് അയാൾ പറഞ്ഞതെങ്കിലും സദസ്യർ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. മാന്യന്മാരെ കളിയാക്കുന്നതു കേട്ടാൽ രസം കയറുന്ന പിൻതിരിപ്പന്മാർ എവിടെയുമുണ്ടല്ലോ! അവിടെ നടന്നതിന്റെ പൊരുളൊന്നും മനസ്സിലാകാത്ത ഭാവത്തിലിരുന്നു മാഷ്.
കുറെക്കഴിഞ്ഞ് അഭിനന്ദനപ്രഭാഷണത്തിനായി മാഷിന്റെ ഊഴമായി. മാഷ് സംസാരിക്കാൻ എഴുന്നേറ്റപ്പോഴും സദസ്സിൽ പലർക്കും ചിരിപൊട്ടുന്നുണ്ടായിരുന്നു. അതൊന്നും കാണാത്ത ഭാവത്തിൽ മാഷ് ആരംഭിച്ചു. ലളിതഗംഭീരമായ ഇംഗ്ലീഷ്. സായിപ്പിനെ മലയാളം പഠിപ്പിച്ചതിനൊപ്പം മാഷ് തന്റെ ഇംഗ്ലിഷ്‌പാടവം വർദ്ധിപ്പിച്ചിരുന്നത് നാട്ടുകാർക്കറിയാമായിരുന്നില്ല. മാഷ് ആദ്യമായി സായിപ്പിന് ജന്മദിനാശംസകളോടൊപ്പം ആയുരാരോഗ്യസൗഖ്യങ്ങൾ നേർന്നു. സമൂഹത്തിലെ ഉന്നതന്മാരോടൊപ്പം തന്നെയും ക്ഷണിച്ചതിനു നന്ദി പറഞ്ഞു.
മാഷ് തുടർന്നു, “എന്റെ ലളിതമായ നാടൻ വേഷം അഭിവന്ദ്യനായ ആതിഥേയന്റെ സൗന്ദര്യബോധത്തിനും പ്രൗഢിക്കും ഇണങ്ങാത്തതാണെന്നറിയാം. അതു മൂലം അദ്ദേഹത്തിന് ചിലരുടെ വിമർശനവും നേരിടേണ്ടി വന്നതിന് ക്ഷമാപണം. പക്ഷേ ഒന്നു പറഞ്ഞുകൊള്ളട്ടെ. എന്റെ അനാസ്ഥ മനഃപൂർവ്വമല്ല. അവസരത്തിനൊത്തുള്ള വേഷമിടാൻ ഞാനും ആഗ്രഹിച്ചതാണ്. ഈ ഒരവസരത്തിനു വേണ്ടി മാത്രം വലിയതുക മുടക്കി പാശ്ചാത്യവസ്ത്രം വാങ്ങാൻ ഇവിടെയുള്ള മിക്ക നാട്ടുകാരേയും പോലെ എനിക്കും വഴിയില്ല. അവരെല്ലാം ചെയ്തതു പോലെ വാടകയ്ക്കു വസ്ത്രങ്ങൾ വാങ്ങാൻ ഞാനും പോയിരുന്നു. പക്ഷേ അല്പം വൈകിപ്പോയി. ഞാൻ ചെന്നപ്പോഴേയ്ക്കും അലക്കുകാരന്റെ പക്കലുള്ള കോട്ടും സൂട്ടുമൊക്കെ ഓരോരുത്തർ കൊണ്ടുപോയിക്കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് ഞാൻ സ്വന്തം വസ്ത്രം ധരിച്ച് വന്നത്. സായിപ്പും എന്റെ പ്രിയപ്പെട്ട നാട്ടുകാരും പൊറുക്കണം.“
നാടൻ സായിപ്പന്മാരുടെ അവസ്ഥയെന്തായെന്ന് പറയേണ്ടതില്ലല്ലോ!

നാട്യപ്രധാനം ...

നാട്ടിൻ പുറത്തുകൂടി നഗരത്തിലേയ്ക്കുപോകുന്ന പാസഞ്ചർ വണ്ടിയിൽ രാവിലെയായതിനാൽ സാമാന്യം തിരക്കുണ്ടായിരുന്നു.
യാത്രക്കാരുടെ കൂട്ടത്തിൽ ഒരാൾ, പരിഷ്കൃതവേഷം ധരിച്ച ചെറുപ്പക്കാരൻ, തന്റെ മിടുക്കു കാട്ടി മറ്റു യാത്രക്കാരെ രസിപ്പിക്കാൻ അയാൾ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നു. തനിക്കറിഞ്ഞുകൂടാത്തതായി ഒന്നുമില്ലെന്ന ഭാവം!
അവരിൽ ഒരാളൊഴിച്ചെല്ലാവരും ഈ ചെറുപ്പക്കാരന്റെ വാചകമടിയിൽ രസിച്ചിരിക്കയായിരുന്നു. ശ്രദ്ധിക്കാതെയിരുന്നിരുന്നയാൾ കാഴ്ചയിൽ നാട്ടിൻപുറത്തുകാരെണെന്ന് തോന്നിക്കുന്ന ഒരു മദ്ധ്യവയസ്കനായിരുന്നു. ആ ഗ്രാമീണനാകട്ടെ, ചെറുപ്പക്കാരനെ ശ്രദ്ധിക്കാതെ “ഞാനൊരു പാവമാണേ” എന്ന മട്ടിൽ ഇരിക്കുകയായിരുന്നു. അയാളെപ്പറ്റിയും ചെറുപ്പക്കാരൻ ഇടയ്ക്കിടെ ചില ഫലിതപ്രയോഗങ്ങൾ നടത്തി. മറ്റു യാത്രക്കാർ അതൊക്കെ കേട്ട് ചിരിക്കുകയും, ഗ്രാമീണനെ പരിഹാസപൂർവ്വം നോക്കുകയും ചെയ്തു.
കുറേനേരം ഈ പരിഹാസം സഹിച്ചൗകഴിഞ്ഞപ്പോൾ ഇവനെ ഇങ്ങനെ വിട്ടാൽ ശരിയാവില്ല എന്ന് ഗ്രാമീണനു തോന്നി. അയാൾ ചെറുപ്പക്കാരനോടു പറഞ്ഞു,
“ആട്ടെ സാറേ, നമുക്കൊന്നു മത്സരിക്കാം; ചോദ്യോത്തരം വഴി. എന്റെ ചോദ്യത്തിന് സാറിനുത്തരമില്ലെങ്കിൽ എനിക്ക് നൂറു രൂപ തരണം. ഞാൻ ഉത്തരം പറഞ്ഞില്ലെങ്കിൽ അമ്പതുരൂപ സാറിനു തരും. സമ്മതിച്ചോ?”
“അതെന്തിനാ അങ്ങിനെ ഒരു വ്യത്യാസം.”
“തുല്യരല്ലാത്തവർ തമ്മിൽ മത്സരിക്കുമ്പോൾ ഹാൻഡിക്കാപ്പ് വേണ്ടേ? കുതിരപ്പന്തയത്തിലും മറ്റുമുള്ളതുപോലെ.”
ഗ്രാമീണൻ താനുദ്ദേശിച്ചത്ര വിവരം കെട്ടയാളല്ലെന്നു മനസ്സിലായെങ്കിലും, പിന്തിരിഞ്ഞാൽ തന്റെ വിലകെടുമല്ലോ എന്നോർത്ത് ചെറുപ്പക്കാരൻ സമ്മതിച്ചു. “ശരി, നിങ്ങൾ തന്നെ ആദ്യം ചോദിച്ചോളൂ.”
ഗ്രാമീണൻ ചോദിച്ചു, “ഇരിക്കുമ്പോൾ രണ്ടും, കിടക്കുമ്പോൾ മൂന്നും, നടക്കുമ്പോൾ നാലും കാലുള്ള ജീവി ഏതാണ്?”
ചെറുപ്പക്കാരൻ കുഴങ്ങി. അങ്ങനെ ഒരു ജീവി ഉണ്ടാവില്ല തീർച്ച. അപ്പോൾ കുടുക്കുചോദ്യമാണ്. പക്ഷേ വളരെ ആലോചിച്ചിട്ടും ഉത്തരം തോന്നിയില്ല. സദസ്യരുടെയിടയിൽ തന്നേപ്പറ്റി പരിഹാസം വർദ്ധിക്കുന്നത് മനസ്സിലാക്കി അയാൾ ഒന്നും പറയാതെ നൂറുരൂപയെടുത്ത് ഗ്രാമീണനു കൊടുത്തു.
സദസ്സ് പൊട്ടിച്ചിരിച്ചു. പക്ഷേ ചിരി പെട്ടെന്നടക്കി.
ശരിയുത്തരം കേൾക്കാൻ അവർക്കുമുണ്ടായിരുന്നു കൗതുകം.

ഗ്രാമീണൻ നൂറിന്റെ നോട്ട് കീശയിലിട്ടു.
ഒരു അമ്പതുരൂപാനോട്ടെടുത്ത് തിരിയെ നീട്ടിക്കൊണ്ടു പറഞ്ഞു,”എനിക്കുമുത്തരമില്ല. അതുകൊണ്ടിതാ ഞാൻ പറഞ്ഞ തുക.”
തുടർന്നുണ്ടായ കൂട്ടച്ചിരി അടങ്ങിയപ്പോഴേയ്ക്കും ചെറുപ്പക്കാരൻ മറ്റൊരു ബോഗിയിലേയ്ക്കു പോയിക്കഴിഞ്ഞിരുന്നു.

കാക്കക്കുഞ്ഞൊരു കൊക്കാകാം

വളരെ പ്രസിദ്ധനായ ഒരു ജനനേതാവുണ്ടായിരുന്നു, തങ്കപ്പൻ.
അദ്ദേഹം ജനിച്ചത് പാവപ്പെട്ട ഒരു ചുമട്ടുകാരന്റെ മകനായിട്ടായിരുന്നു.
എന്നാൽ ബുദ്ധിശക്തിയും കഠിനാധ്വാനവും കൊണ്ട് എല്ലാവർക്കും പ്രിയങ്കരനായ ഒരു നേതാവായി. ഒടുവിൽ മന്ത്രിസ്ഥാനം വരെ അദ്ദേഹത്തിനെ തേടിയെത്തി.
രാജ്യത്തെമ്പാടുമുള്ളവർ ബഹുമാനിച്ചെങ്കിലും സ്വന്തം ഗ്രാമത്തിൽ അസൂയക്കാർ പലരുമുണ്ടായിരുന്നു. അക്കൂട്ടരുടെ നേതാവോ തങ്കപ്പന്റെ ഒരു പഴയ സഹപാഠി, കുട്ടപ്പൻ.
ഒപ്പം പാഠിച്ചിരുന്ന കാലത്തേ ആരംഭിച്ച കുശുമ്പ്. തരം കിട്ടുന്നിടത്തു വച്ചെല്ലാം നേതാവിനെ ‘ചുമട്ടുകാരൻ’ എന്നു വിളിക്കുക അയാളുടെ പതിവായിരുന്നു.
തന്റെ ചെറുപ്പത്തിലെ ഇല്ലായ്മകളെപ്പറ്റി തങ്കപ്പന് തീരെ പോരായ്മ തോന്നിയിരുന്നില്ല. എന്നാലും കുട്ടപ്പന്റെ തോന്നിവാസം ഒന്നടക്കടണമെന്ന് തോന്നാതിരുന്നില്ല.
സ്വന്തം ഗ്രാമത്തിലെ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തി നേതാവൊരിക്കൽ.
സദസ്സു കലക്കാനുള്ള ഉദ്ദേശത്തോടെ കുട്ടപ്പനും കൂട്ടുകാരും പിൻനിരയിൽ ഹാജർ. മദ്യപാനം അധികമായതിനാൽ നേരേ നിൽക്കാൻ തന്നെ മിക്കവർക്കും സാധിക്കുന്നുണ്ടായിരുന്നില്ല. സ്ഥലത്തെ പോലീസ് മേധാവിക്ക് കഥകളൊക്കെ അറിയാമായിരുന്നു.
അയാൾ നേതാവിനോടു പറഞ്ഞു, “സാറൊന്നു മൂളിയാൽ മതി, അവന്മാരെയൊക്കെ ഞാൻ മര്യാദ പഠിപ്പിച്ചോളാം.”
“അതു വേണ്ടെടോ! ഒന്നുമല്ലെങ്കിലും കൂടെപ്പഠിച്ചയാളല്ലേ? ഞാനായിട്ടു തല്ലിച്ചെന്ന പേരുദോഷം വേണ്ട. വേറേ വഴി ഞാൻ കണ്ടിട്ടുണ്ട്.”
നേതാവു സംസാരിക്കാൻ തുടങ്ങിയപ്പോൾ അതു തടസ്സപ്പെടുത്തിക്കൊണ്ട് കുട്ടപ്പൻ വിളിച്ചുകൂവി, “നിർത്തെടാ. നീയെന്തിനാടാ ഈ നേതാവു വേഷം കെട്ടിയത്? നിന്റെ അച്ചൻ കൂലിവേലപ്പനെപ്പോലെ ചുമടെടുത്തു നടന്നാൽ പോരാരുന്നോ?”
കാത്തിരുന്നു കിട്ടിയ സന്ദർഭം നേതാവു പാഴാക്കിയില്ല. അദ്ദേഹം ശാന്തസ്വരത്തിൽ പറഞ്ഞു, “സുഹൃത്തേ കുടുംബപാരമ്പര്യം മുന്നോട്ടുകൊണ്ടുപോകാൻ എല്ലാവർക്കും സാധിച്ചെന്നു വരില്ല. താങ്കളുടെ കാര്യം തന്നെ എടുക്കാം. താങ്കളുടെ അപ്പൻ തികച്ചും പൊതുജനസമ്മതിയുള്ള നല്ലൊരു മനുഷ്യനായിരുന്നല്ലോ! എന്നെപ്പോലെ എത്രയോ സാധുക്കളെ സഹായിച്ച മഹാമനസ്കൻ! ആയുസ്സിലൊരിക്കലും, ഒരു പരാതി കൊടുക്കാൻ പോലും പോലീസ് സ്റ്റേഷന്റെ പടി കയറാത്ത ആൾ. എന്നാൽ താങ്കളങ്ങനെയാണോ? ഇവിടത്തെ പോലീസ് സ്റ്റേഷനിലെ കേഡി ലിസ്റ്റിൽ ആദ്യത്തെ പേര് മാണിമകൻ കുട്ടപ്പൻ ആണെന്ന് ഈ നാട്ടുകാർക്കൊക്കെ അറിയാം.
കുശുമ്പൻ കുട്ടപ്പൻ കൂടുതൽ വഷളാകുന്നതിനു മുമ്പ് കൂട്ടുകാർ അവനെ പിടിച്ചുകൊണ്ടുപോയി.

2012, ഓഗസ്റ്റ് 10, വെള്ളിയാഴ്‌ച

ആറ്റക്കിളിയുടെ ആശയക്കുഴപ്പം

ആറ്റക്കിളിക്കേതോ മനസ്താപമുണ്ടെന്ന് മനസ്സിലാക്കാൻ കാക്കയ്ക്ക് ജ്യോത്സ്യമൊന്നും വേണ്ടിവന്നില്ല. അവന്റെ ഇരുപ്പും മട്ടും കണ്ടാലറിയാം ഏതോ ഗൗരവമുള്ള പ്രശ്നം ബാധിച്ചിട്ടുണ്ടെന്ന്. ഒരിടത്തും നിലയുറയ്ക്കുന്നില്ല. ഒരു കൊമ്പിൽ നിന്ന് അടുത്തതിലേയ്ക്കു പറക്കും; ചിറകൊന്ന് കുടയും; തലയൊന്ന് കുലുക്കും; തിരിഞ്ഞിരിക്കും; വീണ്ടും പഴയ കൊമ്പിൽ ചെന്നിരിക്കും; ഇടയ്ക്കിടെ “ഛേ! ഛേ” എന്ന് ചിലയ്ക്കും.
സാധാരണയായി ഈ കാലമായാൽ തിരക്കിട്ടു കൂടു പണിയുന്ന കക്ഷിയാണ്. മഴയിങ്ങെത്തും മുമ്പ് കൂടു തുന്നിക്കൂട്ടാനുള്ള തിരക്കാവും. ആറ്റക്കിളികളുടെ കൂട് തന്റേതുപോലെ സൂത്രത്തിൽ ഉള്ളതൊന്നുമല്ല. തനിക്കെന്താണ്, പത്തമ്പത് ചുള്ളികൾ വേണം; അത് തലങ്ങും വിലങ്ങും പെറുക്കിയടുക്കാൻ പാകത്തിൽ നിരപ്പായ സ്ഥലം വേണം. മനുഷ്യരുടെ സഹായംകൊണ്ട് കമ്പിക്കഷണങ്ങളും കിട്ടും.
കറന്റുകമ്പിക്കാലിന്റെ മുകളിലും ടെലഫോൺ പോസ്‌ററിലും ഒക്കെ കൂടുവച്ചാൽ. ചിലപ്പോൾ അപകടം പറ്റും. ഒരു കുഴപ്പവുമില്ലാത്തയിടം മരക്കൊമ്പു തന്നെ. കാക്കച്ചിക്ക് മുട്ടയിടാനും അടയിരിക്കാനും ഒരു സ്ഥലം, അത്രയേ വേണ്ടൂ.
അവളു നല്ലവളാ. ഒരു കാര്യത്തിലും വാശിയില്ല. ഒപ്പം അധ്വാനിക്കും. “അതുവേണം, ഇതു കൊണ്ടു വാ” എന്ന പരിപാടിയേയില്ല. കിട്ടുന്നതെന്തും കഴിച്ച് വയറുനിറയ്ക്കും. കൂടുതൽ കിട്ടിയാൽ കൂട്ടുകാരെ വിളിച്ചുവരുത്തി പങ്കിടും.
എന്നാൽ അവളും കടുപ്പക്കാരിയാകുന്ന സമയമുണ്ട്; മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങളായാൽ അവ പറക്കാറാകുന്നതുവരെ. അതുങ്ങൾക്ക് വേണ്ടതു തേടിപ്പിടിച്ചു കൊണ്ടെക്കൊടുക്കാൻ സഹായിച്ചില്ലെങ്കിൽ അവൾ തനിസ്വഭാവം കാണിക്കും.
ആറ്റക്കിളിക്കൂടിന്റെ കാര്യം അങ്ങനെയല്ല. നാരുകൾ കൊണ്ടു മാത്രമാണ് അവ കൂടുണ്ടാക്കുന്നത്. അതും മനുഷ്യർക്ക് കയ്യെത്താത്ത ഓലത്തുമ്പിലും മറ്റും. നാരു തേടിപ്പിടിക്കുന്നതു തന്നെ പിടിപ്പതു പണിയാണ്. എന്നിട്ടതെല്ലാം ഓരോന്നായിട്ടു തുന്നിച്ചേർത്ത് കൂടാക്കണം. ഒരു കൂടല്ല; രണ്ട്. കിളിപ്പെണ്ണിനു മുട്ടയിടാനും അടയിരിക്കാനും കുഞ്ഞിനെ വളർത്താനും പാകത്തിന് കെട്ടുറപ്പുള്ളതൊന്നും ആൺകിളിക്ക് മഴയിൽനിന്നും രക്ഷപ്പെടാൻ മാത്രം പാകത്തിൽ വേറൊന്നും. രണ്ടിന്റെയും പണി മുഴുവൻ ആൺകിളിതന്നെ വേണം ചെയ്യാൻ.

ഏതായാലും ആറ്റക്കിളിയെ അലട്ടുന്ന പ്രശ്നം എന്താണെന്നൊന്നു ചോദിച്ചറിയാൻ തീരുമാനിച്ച് കാക്ക അടുത്തു ചെന്നു.
“എന്താടോ? തനിക്കെന്തുപറ്റി? താനെന്താ ഇങ്ങനെ ചാടിക്കളിക്കണത്? എന്തായാലും പറ, സമാധാനമുണ്ടാക്കാം.”
തന്റെ മനപ്രയാസം കാണാനും സഹതപിക്കാനും ആളുണ്ടെന്നു കണ്ട് ആറ്റക്കിളിക്ക് അല്പം ആശ്വാസമായി. കാക്ക നല്ലവനാണ്. പുറം കറുകറെ കറുത്തതാണെങ്കിലും ഉള്ളു വെളുവെളാ വെളുത്തിട്ടാണ്.
ആറ്റ പറഞ്ഞു, “എന്തു പറയാനാ കാക്കേട്ടാ? ഞാനെന്റെ പെണ്ണുമ്പിള്ളേക്കൊണ്ടു തോറ്റു.”
ഇതിനിടെ തീറ്റതേടിപ്പോയിരുന്ന കാക്കച്ചിയും മടങ്ങിയെത്തി. അവൾ കാക്കയുടെ അടുത്തിരുന്ന്, ചുണ്ടിലുണ്ടായിരുന്നത് കാക്കയ്ക്കു കൊടുത്തിട്ട്, ചുണ്ട് ഇരിക്കുന്ന കൊമ്പിലൊന്നുരസി. എന്നിട്ട് ചിറക് വിടർത്തി ഒതുക്കി. എന്നിട്ട് ചോദിച്ചു, “എന്താ ആറ്റക്കുട്ടാ, കാലത്തുതന്നെ വീട്ടുകാരത്തിയേപ്പറ്റി പരാതി?”
“എങ്ങിനെ പരാതി പറയാതിരിക്കും കാക്കേച്ചി? ഈയാണ്ടിൽ ഞാൻ മൂന്നു കൂടുണ്ടാക്കി. ഒരെണ്ണം പോലും അവൾക്ക് പിടിച്ചില്ല. ഭംഗി പോരത്രേ!”
“അതു കൊള്ളാം! ആറ്റക്കൂടിനേക്കാൾ ഭംഗിയുള്ള കൂടെവിടെക്കിട്ടാനാ?” കാക്കച്ചിക്ക് ആശ്ചര്യം, “സത്യം പറയട്ടേ? എനിക്കിരിക്കാൻ പാകത്തിന് വലിപ്പമുള്ള ആറ്റക്കൂടു കിട്ടിയിരുന്നെങ്കിൽ ആയുസ്സിൽ പിന്നെ വേറൊരു കൂട്ടിലേക്കു ഞാൻ തിരിഞ്ഞുനോക്കുക പോലുമില്ല.”
ആറ്റക്കിളിക്ക് സന്തോഷമായി. തന്റെ കലാവിരുത് ശ്രദ്ധിക്കുന്നവരുണ്ട്! കാക്കച്ചിക്കും ഒരു കൂടുണ്ടാക്കി കൊടുക്കാമായിരുന്നു. പക്ഷേ തനിയേ തോന്നുന്നപോലങ്ങു ചെയ്യാനല്ലാതെ വലിപ്പം കൂട്ടാനും മററും തനിക്കറിയില്ലല്ലോ!
ആറ്റക്കിളി കാക്കകളോട് തന്റെ പ്രശ്നമെല്ലാം വിസ്തരിച്ചു പറഞ്ഞു. എത്ര ശ്രദ്ധിച്ചു പാടുപെട്ടുണ്ടാക്കിയിട്ടും ഈയാണ്ടിൽ അവനുണ്ടാക്കിയ കൂടുകൾ അവന്റെ ഇണയ്ക്ക് ഇഷ്ടമാകുന്നില്ല. ഒരാഴ്ചക്കകം നല്ല കൂടുണ്ടാക്കിയില്ലെങ്കിൽ ഈയാണ്ടിൽ മുട്ടയിടുകയില്ലെന്ന വാശിയിലാണിപ്പോൾ. അങ്ങിനെ സംഭവിച്ചാൽ സ്വന്തം കൂട്ടരുടെയിടയിൽ നാണം കെടും. കഴിഞ്ഞ കൊല്ലം വരെ ആണ്ടിൽ ഒരോ കൂടു വീതമേ ഉണ്ടാക്കിയുള്ളു. അപ്പോഴെല്ലാം “ക-മാ” -ന്നൊരക്ഷരം പറയാതെ കയറിയിരുന്നവളാ. ഇക്കൊല്ലം എന്തു ഭൂതബാധയാണ് അവൾക്കെന്നറിഞ്ഞുകൂടാ.
കുറേ നേരത്തെ ചർച്ചയ്ക്കു ശേഷം കാക്കച്ചി പറഞ്ഞു, “ആട്ടെ, ഞാൻ ആറ്റപ്പെണ്ണിനോടൊന്നു സംസാരിച്ചുനോക്കട്ടെ. അവളുടെ മനസ്സിലെന്താണെന്ന് അറിയണ്ടേ?”
“അതു നല്ലതാ!” കാക്ക അവളുടെ അഭിപ്രായം ശരിവച്ചു.
ആറ്റപ്പെണ്ണിനെത്തേടി കാക്കച്ചി പുറപ്പെട്ടപ്പോൾ ആറ്റക്കിളി പറഞ്ഞു, “ഞാൻ പരാതി പറഞ്ഞെന്നൊന്നും അവളറിയരുതു കേട്ടോ. അല്ലെങ്കിൽപ്പിന്നെ അതും കൂടെ പറഞ്ഞു വഴക്കാവും.”
“അതു പിന്നെ എനിക്കറിഞ്ഞുകൂടേ അനിയാ?” കാക്കച്ചി പറക്കുന്നതിനിടയിൽ വിളിച്ചു പറഞ്ഞു, “ഞാൻ സൂക്ഷിച്ചോളാം.”
പറന്നകന്ന കാക്കച്ചിയെ അഭിമാനത്തോടെ നോക്കിക്കൊണ്ട് കാക്ക പറഞ്ഞു, “അവളു മിടുക്കിയാ. നിന്റെ പ്രശ്നം തീർന്നു എന്നു തന്നെ കണക്കു കൂട്ടിക്കോ.”
“ചേട്ടൻ ഭാഗ്യവാനാ.” ആറ്റക്കിളി ദീർഘനിശ്വാസത്തോടെ പറഞ്ഞു.
തിരിച്ചെത്തിയ കാക്കച്ചിയുടെ വരവിൽത്തന്നെ ഒരു വിജയഭാവമുണ്ടായിരുന്നു. അവൾ പറഞ്ഞു, “അനിയന്റെ പ്രശ്നത്തിന് പരിഹാരമുണ്ട്.”
“അവളെന്തു പറഞ്ഞു? ഉണ്ടാക്കിയ കൂടുതന്നെ മതിയെന്നു സമ്മതിച്ചോ?”
“ഏയ്! ഞങ്ങളു പെണ്ണുങ്ങളങ്ങനെ ചുമ്മാ പറയുന്നോരല്ല. മിനിട്ടിനു മിനിട്ടിന് അഭിപ്രായം മാറ്റുകയുമില്ല. അനിയൻ ഒരു കൂടുകൂടി ഉണ്ടാകണം.”
“ഒന്നല്ല രണ്ടു വേണമെങ്കിൽ ഉണ്ടാക്കാം. പക്ഷേ അത് അവൾക്ക് ഇഷ്ടപ്പെടാതിരുന്നാൽ?” “അതോർത്തു വിഷമിക്കേണ്ടനിയാ” കാക്കച്ചി പറഞ്ഞു, “ഇനി ഉണ്ടാക്കുന്ന കൂട് അവൾക്ക് ഇഷ്ടപ്പെടാനുള്ള വിദ്യ പറഞ്ഞുതരാം.”
“പറഞ്ഞുതന്നിട്ടെന്താ കാര്യം ചേച്ചീ?” പിന്നെയും ആറ്റക്കിളിക്ക് ആശയക്കുഴപ്പം തന്നെ. “തനിയേ തോന്നുന്നതുപോലെ ചെയ്യാനല്ലാതെ പരിഷ്കാരമൊന്നും വരുത്താൻ എനിക്കറിഞ്ഞുകൂടാ. ഈയാണ്ടിൽ പണുത മൂന്നു കൂടും തൊട്ടപ്പുറത്തെ കൊമ്പിലെ കുഞ്ഞാറ്റയുണ്ടാക്കിയ കൂടുപോലെ പരിഷ്കരിച്ചുണ്ടാക്കാൻ കിണഞ്ഞു ശ്രമിച്ചതാ. പക്ഷേ കാര്യമൊന്നും ഉണ്ടായില്ല.”
കാക്കച്ചി വലത്തെ ചിറകിലെ രണ്ടു തൂവലുകൾ കൊക്കുകൊണ്ടു ചീകിയൊതുക്കിയിട്ടു പറഞ്ഞു, “അറിയാം. കൂടുണ്ടാക്കാൻ മിടുക്കുണ്ടായാൽ മാത്രം പോരാ. അല്പം പക്ഷിമനഃശാസ്ത്രം കൂടെ മനസ്സിലാക്കണം. അനിയനു പറ്റിയ തെറ്റ് ഇപ്പറഞ്ഞതു തന്നെ. ആ കുഞ്ഞാറ്റയുണ്ടാക്കിയ കൂട് കെങ്കേമമാണ്. അതിന്റെ തൊട്ടടുത്തു കൊണ്ടുപോയി കൂടു വച്ചതേ അബദ്ധമായി. സ്വന്തം വീട് അയല്ക്കാരന്റേതിനേക്കാൾ മോശമായി കണ്ടാൽ ആർക്കെങ്കിലും സഹിക്കുമോ? പ്രത്യേകിച്ച് പെണ്ണുങ്ങൾക്ക്.”
അപ്പോഴാണ് ആറ്റക്കിളിയുടെ ബുദ്ധി തെളിഞ്ഞത്. അവൻ പറഞ്ഞു, “ഛേ! എന്റെ തലയ്ക്കകത്തും തൂവൽ തന്നെയാന്നാ തോന്നുന്നത്. അല്ലെങ്കിൽ ഇക്കാര്യം ഓർക്കില്ലായിരുന്നോ? വേറേ ആരുടെയും കൂടില്ലാത്തിടത്തു പോയി കൂടുണ്ടാക്കിക്കളയാം. ഏതായാലും ചേച്ചിയെ കണ്ടതു നന്നായി. എന്നാലിനി പിന്നെക്കാണാം.”
കവിണിൽ നിന്നും തൊടുത്തുവിട്ട കല്ലുപോലെ ആറ്റക്കിളി പറന്നു പോകുന്നതു നോക്കി കാക്ക പറഞ്ഞു, “എന്നാലും നീയാളു മിടുക്കിയാണല്ലോടീ!”
“പിന്നല്ലാതെ” തലചരിച്ച് കാക്കയെ നോക്കിയിട്ട് അവൾ പറഞ്ഞു, “ഇപ്പഴേ മനസ്സിലായുളളൂ !”