കുട്ടികൾക്കൊരു ശാസ്ത്രീയ കാല്പനിക നോവൽ [1/10]
സർപ്പക്കാവിലെ സന്ദർശകൻ
തരം കിട്ടുമ്പോഴൊക്കെ വീട്ടിനടുത്തുള്ള സർപ്പക്കാവിനുള്ളിൽ പോയിരിക്കുന്നത് വേണുവിന് വളരെ ഇഷ്ടമുള്ള കാര്യമാണ്. എന്നും നടക്കുന്ന കാര്യമല്ല. പഠിത്തമുള്ള ദിവസങ്ങളിൽ പകൽ സമയത്തൊന്നും സാധിക്കില്ല. രാത്രിയിൽ കയറിപ്പോകാൻ പറ്റിയ സ്ഥലമല്ലല്ലോ സർപ്പക്കാവ്. പക്ഷേ ഒഴിവുദിവസങ്ങളിലെ കഥ അതല്ല. പകലുമുഴുവനും അതിനുള്ളിൽ ചിലവിടും. വായനയും എഴുത്തും പകലുറക്കവുമൊക്കെ അതിനുള്ളിൽത്തന്നെ.
എന്നും പച്ചപിടിച്ച് ഇടതൂർന്നു നിൽക്കുന്ന അസ്സൽ കാടാണ് ആ അരയേക്കർ പുരയിടം. വേണുവിന്റെ കുടുംബത്തിലുള്ളവരുടെ തികഞ്ഞ ഈശ്വരവിശ്വാസം കൊണ്ടുമാത്രമാണ് അത് നിലനിൽക്കുന്നത്. അതല്ലായിരുന്നെങ്കിൽ, നഗരാതിർത്തിക്കടുത്തു ഇത്രയും മരങ്ങളുണ്ടോ ഇത്രയും കാലം ശേഷിക്കുന്നു? ഈ കാട്ടിനുള്ളിൽ എല്ലാ നാഗദൈവങ്ങളും ഉണ്ടത്രേ! കൂടാതെ നിരവധി ചാത്തന്മാരും യക്ഷികളും.
അതിലെ ഓരോ നാഗത്താന്മാരും, ദേവതകളും അവിടെ വന്നെത്തിയതിന്റെ പിന്നിൽ കഥകളുണ്ട്. അവയൊക്കെ മുത്തശ്ശി പറഞ്ഞ് അവൻ കേട്ടിട്ടുണ്ട്. ഒട്ടുമിക്കതും മന്ത്രവാദം നടത്തി ബാധ ഒഴിപ്പിച്ച കഥകൾ! മിക്ക കഥകളും ഒരേപോലെ തന്നെ. കുടുംബത്തിൽ ആർക്കെങ്കിലും പതിവില്ലാത്ത അസുഖമെന്തെങ്കിലും വന്നാൽ ജ്യോത്സ്യനെ വരുത്തുകയായി. അയാൾ വർണ്ണപ്പൊടികൊണ്ടു കളം വരച്ച് കവടി നിരത്തി, ചിലപ്പോൾ വെറ്റിലയിൽ മഷിതേച്ച് എന്തൊക്കെയോ കണക്കുകൂട്ടി ഒരു യക്ഷിയുടേയോ, ഗന്ധർവ്വന്റേയോ, പ്രേതാത്മാവിന്റേയോ പേരു പറയും. പിന്നെ മന്ത്രവാദിയുടെ വരവായി. അയാളുടെ പരിപാടികൾ കുറേക്കൂടി വിസ്തരിച്ചാണ്. കളങ്ങൾക്കു നിറങ്ങൾ കൂടും. പന്തങ്ങൾ, തെള്ളിയേറ് കടുപ്പമുള്ള ശബ്ദത്തിലുച്ചരിക്കുന്ന മന്ത്രങ്ങൾ അങ്ങിനെ പലതുമുണ്ടാവും. കർമ്മങ്ങൾ അവസാനിക്കുമ്പോൾ മന്ത്രവാദി ബാധയോടു ഒഴിഞ്ഞുപോകാൻ കല്പിക്കും. സർപ്പക്കാവിലെ ഇലഞ്ഞിത്തറയിലെ കല്ലുകളുടെ കൂട്ടത്തിൽ ഒരെണ്ണം കൂടി ചേരും. ഈയിടെയായി പ്രശ്നംവയ്ക്കലും മന്ത്രവാദവും അത്രയധികമൊന്നും നടക്കാറില്ല. അതൊക്കെ അന്ധവിശ്വാസങ്ങളാണെന്നാണു അച്ഛന്റെ പക്ഷം. വല്ലപ്പോഴും, മുത്തശ്ശി വല്ലാതെ നിർബ്ബന്ധം പിടിക്കുമ്പോൾ മാത്രം. പക്ഷേ, പൂജകൾ മുടങ്ങാറില്ല.
മുത്തശ്ശി പറയുന്ന കഥകളൊക്കെ വേണുവിനു മനഃപാഠമാണ്. നല്ല വിശ്വാസവും. സർപ്പക്കാവിലുള്ള ദേവതകളെയൊന്നും അവനു പേടിയില്ല. ചുറ്റുപാടുകൾ വ്യക്തമായി കാണാൻ പാകത്തിൽ വെളിച്ചമുണ്ടെങ്കിൽ ഏതു സമയത്തുവേണമെങ്കിലും അവൻ ആ കാട്ടിനുള്ളിൽ പോകും. അവന്റെ കൂട്ടുകാരിൽ ഒരാൾക്കു പോലും അതിനുള്ളിൽ കടക്കാൻ ധൈര്യമില്ല. അടുത്തു പോകുന്നവർ തന്നെ ചുരുക്കം. പാമ്പെന്നും ഭൂതമെന്നുമൊക്കെ കേട്ടാൽത്തന്നെ പേടിക്കുന്നവർ സർപ്പക്കാവിൽ നിന്നും പറ്റുന്നത്ര അകലത്തേ നിൽക്കൂ. പക്ഷേ വേണുവിനറിയാം ദേവതകളായാലും ജീവികളായാലും അങ്ങോട്ട് ഉപദ്രവിച്ചാലേ അവ മനുഷ്യനെ ഉപദ്രവിക്കൂ എന്ന്. മറ്റുള്ളവരുടെ ഭയം വേണുവിനൊരു സൗകര്യമായിട്ടാണു അനുഭവം.
വേണുവിന്റെ അച്ഛനും പേടിയില്ല. എന്നാലും എന്തെങ്കിലും അത്യാവശ്യം വന്നാലേ അവിടെ കയറാറുള്ളൂ. പോലീസ് ഉദ്യോഗസ്ഥനാണ്. നാട്ടിലെ കേസുകൾ തീർന്നിട്ടു വേണ്ടേ കാട്ടിലേതു നോക്കാൻ! അമ്മയ്ക്കും അനുജത്തി ഗീതയ്ക്കും കാട്ടിൽ വരാൻ യാതൊരു താൽപര്യവുമില്ല. അവന്റെ വനവാസത്തിനേപ്പറ്റി അവരെപ്പോഴും കളിയാക്കും. അമ്മ പറയാറുള്ളത് അവൻ കാരണോന്മാർക്കു കൂട്ടിരിക്കാൻ പോയിരിക്യാണ് എന്നാണ്; ഗീതയുടെ അഭിപ്രായം, വേണ്വേട്ടൻ തപസ്സു ചെയ്യുകയാണെന്നും.
ആരെന്തു പറഞ്ഞാലും അവനൊരു കൂസലുമില്ല. തിരുവാതിര കളിക്കാൻ അമ്മ പാടാറുള്ള ഒരു പാട്ടിൽ പറയുന്നതു പോലെ, വനസുഖമാരറിഞ്ഞു! ഉച്ചവെയിലത്തു പോലും സുഖമായ തണുപ്പാണവിടെ. കൂട്ടിനാണെങ്കിൽ എണ്ണിയാൽ തീരാത്തത്ര ജന്തുവർഗ്ഗങ്ങളും.
അന്നത്തെ പകൽ നല്ല ചൂടുള്ളതായിരുന്നു. വലിയ അവധി തുടങ്ങിയിട്ട് രണ്ടാഴ്ചകൾ കഴിഞ്ഞിരിക്കുന്നു. അമ്മാവന്മാർ ചിറ്റമ്മമാർ തുടങ്ങിയവരുടെയെല്ലാം വീടുകളിലേയ്ക്കുള്ള ആണ്ടുതോറും പതിവുള്ള ചുറ്റിയടി പൂർവ്വാധികം ഭംഗിയായി കഴിഞ്ഞു. വേണുവിന് അതൊരു വഴിപാടു പോലെയാണ്. അവിടെയെങ്ങും കാടും തോടും മേടുമൊന്നുമില്ല. റബ്ബറല്ലാതെ മരങ്ങളുമില്ല. അറുബോറ്! സദാ സമയവും ടീവീയുടെ മുമ്പിൽത്തന്നെ എല്ലാവരും. ചാനലുകളിൽ പരിപാടിയില്ലെങ്കിൽ സീ.ഡി കൊണ്ടുവരും.
വേണുവിന്റെ കാടത്തത്തെ അവരെല്ലാം കളിയാക്കും. ജംഗിളി, കാട്ടുമനുഷ്യൻ, വനവാസി, ടാർസൻ എന്നൊക്കെ വിളിക്കുന്നവരുണ്ട്. എന്തിലും ഏതിലും കഥകളി കൊണ്ടുവരുന്ന കുട്ടമ്മാവനാണെങ്കിൽ അവനെ കണ്ടാലപ്പോൾ പാടും, “എടുത്തു വാളും അമ്പും വില്ലും...“
തീരെ ഒഴിവാക്കാനാവാത്ത സന്ദർശനങ്ങൾ കഴിച്ചുകൂട്ടി മടങ്ങിവന്നിട്ട് അധികനേരമായില്ല. ധൃതിയിൽ ഊണു കഴിച്ചിട്ട് കൈകഴുകിയയുടൻ വേണു സർപ്പക്കാവിലേയ്ക്കോടുന്നതു കണ്ട് അമ്മ കളിയാക്കി, “വേഗം ചെല്ലൂ, ദെവസങ്ങളായില്ലേ നെന്നെ കണ്ടിട്ട്! അവരൊക്കെ കാത്തിരിക്കണ്ടാവും!“
ഇത്തവണ വേണുവിന്റെ കാടിനോടുള്ള സ്നേഹം കുറച്ചുകൂടി കൂടുതലായിട്ടുണ്ട്. അവന്റെ ഒരമ്മാവന്റെ മകളുടെ ഭർത്താവ്, ബാലേട്ടൻ, ചെയ്ത മൂന്നുമണിക്കൂർ പ്രസംഗമാണു കാരണം. വിഷയം പരിസ്ഥിതിസംരക്ഷണം. പ്രകൃതിയെ കീഴടക്കാനുള്ള ശ്രമത്തിനിടയിൽ മനുഷ്യൻ ചെയ്തുകൂട്ടിയ കടുംകൈകളേപ്പറ്റി അങ്ങേരു പറയുന്നതു കേട്ടാൽ ആയിരം നാവുകളുണ്ടെന്നു തോന്നും. കേരളത്തിലും തമിഴ്നാട്ടിലും നിലവിലുള്ള മിക്ക പഴയ ആരാധനാ സമ്പ്രദായങ്ങളും പ്രകൃതിസ്നേഹത്തിൽ നിന്നും ഉടലെടുത്തതാണത്രേ! മരങ്ങളേയും, പുഴകളേയും, മലകളേയുമൊക്കെ ആരാധിക്കുന്നതിനു കാരണവും അതാണ്. പ്രകൃതിയുടെ സന്തുലിതാ വസ്ഥയുടെ കൊടിയടയാളമാണു പാമ്പ്. ബാലേട്ടൻ ഇതൊക്കെ പറഞ്ഞപ്പോൾ പുതിയതായെന്തെങ്കിലും കേട്ടതുപോലെയല്ല, മുമ്പുകേട്ടിട്ടുളളതൊക്കെ വീണ്ടും ഓർമ്മപ്പെടുത്തിയതുപോലെയാണു വേണുവിനു തോന്നിയത്.
പതിവനുസരിച്ച് ഇലഞ്ഞിത്തറയ്ക്കു ചുറ്റും ഒരു പ്രദക്ഷിണം വച്ചു തൊഴുതിട്ടാണ് അവൻ കാവിനുള്ളിൽ കടന്നത്. അവന് ഏറ്റവുമിഷ്ടമുള്ള ഈട്ടിമരത്തണലിലെ തുറസ്സിലേയ്ക്കു നടന്നു. ഈട്ടിയുടെ തുഞ്ചത്തുനിന്നും തൂങ്ങിയിറങ്ങി കുറച്ചകലെ നിൽക്കുന്ന ഒടുകിലേയ്ക്കു കയറിക്കിടക്കുന്ന ഒരു കൂറ്റൻ വട്ടോലവള്ളിയുണ്ട്. ഒരു പടുകൂറ്റൻ പെരുമ്പാമ്പാണെന്നു തോന്നും. താഴത്തെ വളഞ്ഞയറ്റം തറയിൽ നിന്നും കഷ്ടിച്ചു നാലടി ഉയരത്തിലാണ്. അതിൽക്കയറിയാൽ ഇരുന്നോ കിടന്നോ ആടാം. ഒരു ‘വലത്തൊട്ടിൽ‘ പോലെ.
ഈട്ടിയുടെ ചുവട്ടിലിരുന്നാൽ കാണാൻ പലതുമുണ്ട്. ഇലച്ചില്ലകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന വെയിൽ, തടികളിൽ കൂട്ടം ചേർന്നിരിക്കുന്ന തേനീച്ചകൾ, എല്ലായ്പ്പോഴും ചിലച്ചുകൊണ്ട് പാറിപ്പറന്നു നടക്കുന്ന ഒരുപാടിനം കിളികൾ, ചോദ്യചിഹ്നം പോലെ വളഞ്ഞ വാലുകളും തുള്ളിച്ചുകൊണ്ടു ചാടിയോടി നടക്കുന്ന അണ്ണാറക്കണ്ണന്മാർ, ചിലപ്പോഴൊക്കെ മുയലുകളും, കീരികളും. അണ്ണാൻ ഇടയ്ക്കിടെ കരിയിലകൾക്കിടയിൽ നിന്നും എന്തൊക്കെയോ പൊക്കിയെടുത്തുകൊണ്ട് ഓടുന്നതു കാണാം. വേണുവിന് എത്ര സൂക്ഷിച്ചു നോക്കിയാലും ആ കരിയിലക്കൂട്ടത്തിൽ മറ്റൊന്നും കാണാൻ കഴിയാറില്ല. പക്ഷേ അണ്ണാനും പക്ഷികൾക്കും പലതും കാണാനാകും.
വേണു പതിവുപോലെ ഈട്ടിച്ചുവട്ടിലെ കരിയിലമെത്തയിൽ പോയിരുന്നു. ചുറ്റും കണ്ണോടിച്ചു. അവൻ കയറിയിരിക്കാറുള്ള വട്ടോലവള്ളിയിലതാ ഒരു കുഞ്ഞിക്കിളി. സാധാരണയായി കാണാറുള്ള കിളികളേപ്പോലെയൊന്നുമല്ല അതിന്റെ നിറം. ചുണ്ടും കണ്ടിട്ടുള്ള ആകൃതിയിലല്ല. പുതിയ ഇനമേതോ ആണ്. വീട്ടിൽ ചെല്ലുമ്പോൾ പക്ഷിവിജ്ഞാനകോശത്തിൽ നോക്കാം.
ആ കിളി കുറേ നേരം അവനെത്തന്നെ നോക്കി. വിചിത്രമായി തലചരിച്ചും ചാച്ചും. പിന്നെ അതിവിചിത്രമായ ശബ്ദത്തിൽ ഉറക്കെ ചിലച്ചിട്ട് പറന്നു പോയി.
ഏറെക്കഴിഞ്ഞില്ല, ഒടുകിന്റെ വശത്തുനിന്നും വള്ളി വഴി ഒരു ജന്തു ഇറങ്ങി വന്നു; ഒറ്റനോട്ടത്തിൽ അണ്ണാനേപ്പോലെ. പക്ഷെ എടുപ്പും നടപ്പുമൊന്നും അണ്ണാനെപ്പോലെയല്ല. പിരുപിരാ ഓടുന്നതിനു പകരം കുരങ്ങും നായുമൊക്കെ നടക്കുമ്പോലെ. വാലാണെങ്കിൽ ചാവാലിപ്പട്ടികളെപ്പോലെ വളച്ചു കാലുകൾക്കിടയിൽ. വേണുവിനു ചിരിപൊട്ടിപ്പോയി. ചിരികേട്ടു ഞെട്ടിയതുപോലെ അതു ധൃതിയിൽ തിരിച്ചുപോയി.
ഏറെക്കഴിഞ്ഞില്ല, മറ്റൊരു വിചിത്രജന്തുവിന്റെ വരവായി. ആകൃതി പാമ്പിന്റേത്. കടും നീലനിറം. ഇഴഞ്ഞും പുളഞ്ഞുമൊന്നുമല്ല വരവ്. ചാൺ വെച്ചു നീങ്ങുന്ന പുഴുവിനെപ്പോലെ. ഇങ്ങനെയൊരു പാമ്പിനേപ്പറ്റി വേണു കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല.
ഇതെന്താ വിചിത്രജീവികളുടെ ഫാഷൻ പരേഡോ മറ്റോ ആണോ? അതോ താൻ സ്വപ്നത്തിലാണോ? വേണു ഒന്നിളകിയിരുന്നു. വള്ളിയുടെ താഴത്തെയറ്റത്തെത്തിയിട്ട് പാമ്പും തിരികെപ്പോയി. പോക്കു നല്ല വേഗതയിലാണ്.
ഇനിയും വല്ലതുമുണ്ടോ ആവോ? മൂന്നു കൊമ്പുള്ള മുയലോ, തൂവലുകളുള്ള വവ്വാലോ, കുപ്പായമിട്ട കുരങ്ങോ! എന്തായാലും വരട്ടെ. രസമുണ്ട്.
അടുത്തതായി പ്രത്യക്ഷപ്പെട്ട ജീവി അവൻ പ്രതീക്ഷിച്ചതിനേക്കാളെല്ലാമേറെ വിചിത്രമായിരുന്നു. ഒരടിയോളം മാത്രം പൊക്കമുള്ള ഒരു കൊച്ചുമനുഷ്യൻ!
ആ കൊച്ചൻ നടക്കുമ്പോൾ ബാലൻസില്ലാത്തതുപോലെ രണ്ടുവശത്തേയ്ക്കും ആടുന്നുണ്ടായിരുന്നു. താഴെയറ്റത്തെത്തിയപ്പോൾ മുഖം ശരിക്കു കണ്ടു. ഒരു കൊച്ചുകുട്ടിയുടേതു പോലെ.
വല്ല കുട്ടിച്ചാത്തനുമായിരിക്കുമോ? പണ്ട് നമ്പി എന്ന വൻമന്ത്രവാദി ഇലഞ്ഞിത്തറയിൽ പിടിച്ചിരുത്തിയ കുട്ടിച്ചാത്തനേപ്പറ്റി മുത്തശ്ശി പറഞ്ഞിട്ടുള്ള ഒരു കഥ അവനോർത്തു.. മുൻനിരയിൽ ഇടത്തുനിന്നും മൂന്നാമത്തെ കല്ല്. ഏതു ചാത്തനുമാവട്ടെ, അവനറിയാം, ഈശ്വരനാമം ജപിച്ചാൽ അടുത്തു വരില്ല. അവൻ ഉറക്കെ പറഞ്ഞു, “ഓം നമഃശിവായ“
അവൻ പറഞ്ഞു തീർന്നതും ആ കൊച്ചുമനുഷ്യനും അതാവർത്തിച്ചു, “ഓം നമഃശിവായ“ ശബ്ദം വലിയ ആളുടേതു പോലെ. വേണുവിന് നല്ല ധൈര്യമായി. ഏതായാലും ദുർദ്ദേവതകളൊന്നുമല്ല. ആയിരുന്നെങ്കിൽ നമഃശിവായ ജപിക്കുമായിരുന്നില്ല.
ഏങ്കിൽപ്പിന്നെ ഇതാരാണ്? അഥവാ എന്താണ്? ആ കൊച്ചുമനുഷ്യൻ വള്ളിയിൽ നിന്നും താഴെയിറങ്ങി. പെട്ടെന്നു നിലത്തെത്തുകയല്ല ചെയ്തത്. സൂചിത്തുളവീണ ഗ്യാസ്ബലൂൺ പോലെ സാവധാനം. തറയിലെത്തിയയുടൻ അയാൾ വേണുവിന്റെ അടുത്തേയ്ക്കു നീങ്ങി. നടന്നല്ല റോളർ സ്കേറ്റിൽ ഉരുളുന്നതുപോലെ.
അടുത്തെത്തിയ ഉടൻ അയാൾ തന്റെ കയ്യിലെ മൊബെയിൽ ഫോണിൽ കുറെ അമുക്കി. പൊടുന്നനെ അയാൾ വലുതാകാൻ തുടങ്ങി. വേണു ഞെട്ടി. ഇതെന്ത്? വാമനാവതാരമോ?
വേണു ചാടിയെഴുന്നേൽക്കാൻ ഭാവിച്ചപ്പോൾ അയാൾ ഒരു മുന്നറിയിപ്പു പോലെ പറഞ്ഞു. “ആക്രമിക്കരുത്. ഞാൻ നിങ്ങളെ ഉപദ്രവിക്കില്ല“
തന്റെ പൊക്കം ഏതാണ്ടു വേണുവിനോളമായപ്പോൾ ആ മനുഷ്യൻ വളർച്ച മതിയാക്കി.
“ഇത്ര രസികനായ ഒരുത്തനെ ആക്രമിക്കാനോ? എന്തിന്?“ വേണു മനസ്സിലോർത്തു.
വേണു മറുപടി പറയും മുമ്പ് ആ മനുഷ്യൻ പറഞ്ഞു, “എന്നെ ഉപദ്രവിച്ചാൽ നിന്നെ നശിപ്പിക്കാൻ എനിക്കൊരു നിമിഷം മതി, ദാ ഇങ്ങനെ“
ഇത്രയും പറഞ്ഞ് അയാൾ തന്റെ ഇടത്തേക്കയ്യുടെ ചൂണ്ടുവിരൽ അല്പമകലേക്കിടന്ന ഒരു കരിങ്കല്ലിനു നേരേ ചൂണ്ടി. ഇടിമിന്നൽ പോലൊരു വെളിച്ചം. അടുത്ത നിമിഷത്തിൽ കല്ലുകിടന്നിടത്ത് ഒരു കൂന ചാരം മാത്രം.
ഇയാളാരാ ശിവനോ? പക്ഷേ ശിവന്റെ തീ കണ്ണിലല്ലേ? സൗകര്യത്തിനു കയ്യിലേയ്ക്കു മാറ്റിയതാണോ? വേണു പരിഭ്രമിച്ചെന്നറിഞ്ഞിട്ടാവണം അയാൾ തുടർന്നു, “പേടിക്കേണ്ട“
വേണു മറുപടി പറയാൻ ഭാവിച്ചപ്പോൾ അയാൾ ചുണ്ടിൽ വിരൽ വച്ച് ‘നിശ്ശബ്ദം‘ എന്നു കാണിച്ചു. എന്നിട്ടു പറഞ്ഞു, “കൂടുതൽ പറയാൻ തർജ്ജമയന്ത്രം വേണം. അതു വാഹനത്തിൽ, അവിടെ“
അയാൾ ചൂണ്ടിയതു കാടിന്റെ നടുവിലേയ്ക്കായിരുന്നു.
വാഹനം, തർജ്ജമയന്ത്രം! എന്താണതെല്ലാം? വേണു മിഴിച്ചുനിന്നു.
“പിന്നാലെ വാ!“ എന്നു പറഞ്ഞിട്ട് അയാൾ ആ വശത്തേയ്ക്കു നടന്നു. കണ്ടിടത്തോളം ഈ വാമനശിവൻചാത്തനെ അനുസരിക്കയാണു ഭേദമെന്നു വേണു തീരുമാനിച്ചു.
അല്ലെങ്കിലും തന്റെ സർപ്പക്കാവിൽ അനുവാദം കൂടാതെ കടന്നുകൂടിയ കക്ഷി ആരാണെന്നറിയണമല്ലോ!
ഒന്നും മിണ്ടാതെ വേണു അപരിചിതന്റെ പിന്നാലെ നടന്നു...